എസ്എൻഡിപിയെ കാവി മൂടാൻ ആരെയും സമ്മതിക്കില്ല: ഗോവിന്ദന് വെള്ളാപ്പള്ളിയുടെ മറുപടി
Wednesday, July 24, 2024 2:42 PM IST
ആലപ്പുഴ: എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
എസ്എൻഡിപി പ്രസക്തമെന്ന് ഗോവിന്ദനു തോന്നിയെങ്കിൽ സന്തോഷമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതുകൊണ്ടാണല്ലോ വിമർശനം ഉണ്ടാവുന്നത്.
ഈഴവ സമുദായത്തിൽ നിന്നു വോട്ട് ചോർന്നത് ശരിയാണ്. എന്തുകൊണ്ട് വോട്ട് പോയെന്ന് സിപിഎം പരിശോധിക്കണം. പ്രശ്നാടിസ്ഥാനത്തിൽ വിഷയങ്ങൾ പറയുമ്പോൾ കാവി വത്കരിക്കുകയാണ്. ഇടതു പക്ഷം ഇത്രയും തോറ്റതിന് കാരണം അവർ സാധാരണക്കാരെ മറന്നു പോയതാണ്.
എസ്എൻഡിപിയെ കാവിവൽക്കരിക്കാനോ ചുവപ്പ് പുതപ്പിക്കാനോ താനില്ല. ഗോവിന്ദനും താനും തമ്മിൽ ഒരു തർക്കവുമില്ല. തന്റെ കുടുംബത്തെ നന്നാക്കാൻ ഇവർ ആരും നോക്കണ്ട. നിലപാടിൽ നിന്ന് മാറില്ല. കാലഘട്ടം മാറുമ്പോൾ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.