നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കുമെന്ന് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍
Wednesday, July 24, 2024 11:21 AM IST
ന്യൂഡല്‍ഹി: ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കാനൊരുങ്ങി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമാണ് യോഗം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
ജൂലൈ 27നാണ് നീതി ആയോഗിന്റെ യോഗം. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു എന്നിവരാണ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച മുഖ്യമന്ത്രിമാര്‍.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും യോഗത്തിൽ പങ്കെടുക്കില്ല, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരും യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബജറ്റ് വിവേചനപരമായതിനാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.