കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്
Wednesday, July 24, 2024 10:40 AM IST
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസിലായിരുന്നു സിഗരറ്റ് കടത്ത്. ചൊവ്വാഴ്ചയാണ് സംഭവം.
എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. ഇത് പിന്നീട് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമാറി. ബസിലുണ്ടായിരുന്ന ബാഗിനകത്താണ് സിഗരറ്റ് കണ്ടെത്തിയത്.
അതേസമയം ഈ ബാഗ് ആരുടേതാണെന്ന് വ്യക്തമല്ല. സിഗരറ്റിനെ കുറിച്ച് അറിയില്ലെന്നാണ് കണ്ടക്ടർ വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. എങ്കിലും ബസിൽ നിയമ വിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തി നടപടിയെടുക്കേണ്ടത് കണ്ടക്ടറാണെന്ന നിലപാടിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം.
കണ്ടെക്ടര്‍ക്കെതിരെ നടപടിയെടുക്കാൻ വിജിലന്‍സ് ഇൻസ്പെക്ടർ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ശിപാര്‍ശ നല്കി.