ഒരുമനുഷ്യന് ഒമ്പതുനാളായി കാണാമറയത്ത്; ആധുനിക ഉപകരണങ്ങളുമായി ഇരുട്ടില്‍ തപ്പുന്ന അധികാരികള്‍
Wednesday, July 24, 2024 8:51 AM IST
ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തില്‍. ഇന്നും ഗംഗാവലി നദിയില്‍ തിരച്ചില്‍ തുടരും. ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്നല്‍ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുക.
നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ് സോണാര്‍ സിഗ്നല്‍ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. അര്‍ജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്കാനര്‍ ഷിരൂരിലെത്തിക്കും. കഴിഞ്ഞവര്‍ഷത്തെ സിക്കിം പ്രളയത്തില്‍ തിരച്ചില്‍ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വന്‍സി സ്കാനര്‍ ആണ് ഷിരൂരിലും ഉപയോഗിക്കുന്നത്.
ഡ്രോണ്‍ സംവിധാനത്തില്‍ സ്കാനര്‍ ഘടിപ്പിച്ചാണ് പരിശോധന. എട്ട് മീറ്ററും 90 മീറ്ററും വരെ ആഴത്തില്‍ പരിശോധന നടത്താവുന്ന രണ്ട് സ്കാനറുകളുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കളെ കൃത്യമായി കണ്ടെത്താന്‍ സാധിക്കും.
കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നല്‍ കിട്ടിയിരുന്നു. മുന്‍ സൈനിക ഉദ്യോഗസ്ഥന് എം. ഇന്ദ്രബാലും ദൗത്യത്തിന്റെ ഭാഗമാകും.
അര്ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നും കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് എന്‍.വി. അന്‍ജാരിയയും ജസ്റ്റീസ് കെ.വി. അരവിന്ദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
കഴിഞ്ഞദിവസം കേസ് പരിഗണിച്ച പ്രത്യേക ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അര്‍ജുനായുള്ള രക്ഷാ ദൗത്യം ഗൗരവമുള്ള വിഷയമെന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു.
ഇതുവരെയുള്ള രക്ഷാ ദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി എജി സത്യവാംഗ്മൂലം നല്‍കും.