ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിച്ചത് തടഞ്ഞു; കോർപ്പറേഷൻ ജീവനക്കാർക്ക് മർദനമേറ്റു
Wednesday, July 24, 2024 7:22 AM IST
തിരുവനന്തപുരം: മദ്യക്കുപ്പികൾ ആമയിഴഞ്ചാൻ തോട്ടിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചത് തടഞ്ഞ കോർപ്പറേഷൻ ജീവനക്കാരെ ആക്രമിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ തുമ്പൂർമൂഴി മാലിന്യ സംസ്കരണകേന്ദ്രത്തിലെ ജീവനക്കാരായ രാഹുൽ, രാജീവ് എന്നിവർക്കു നേരേയാണ് ആക്രമണമുണ്ടായത്.
തകരപ്പറമ്പിലെ ഒരു കടയിലെ ജീവനക്കാരാണ് ആക്രമിച്ചതെന്ന് വഞ്ചിയൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താനുള്ള രാത്രി സ്ക്വാഡിന്റെ ഭാഗമായാണ് ജീവനക്കാരെ നിയോഗിച്ചിരുന്നത്.
കുപ്പികൾ വലിച്ചെറിയുന്നത് ചോദ്യം ചെയ്തപ്പോൾ കോർപ്പറേഷൻ ജീവനക്കാരെ പിടിച്ചു തള്ളുകയും കല്ലെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ശനിയാഴ്ച രാത്രി ഇതേ കടയിലെ ജീവനക്കാർ മദ്യക്കുപ്പികൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞത് സ്ക്വാഡ് പിടികൂടിയിരുന്നു.
സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.