വനിത ഏഷ്യാ കപ്പ്; നേപ്പാളിനെതിരേ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Tuesday, July 23, 2024 10:28 PM IST
കൊളംബോ: വനിത ഏഷ്യാ കപ്പിൽ നേപ്പാളിനെതിരേ ഇന്ത്യയ്ക്ക് വമ്പൻ ജയം. 82 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് അടിച്ചെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാൾ വനിതകൾക്ക് ഇന്ത്യ മുന്നിൽവച്ച വിജയലക്ഷ്യത്തിന് അടുത്തെത്താൻ സാധിച്ചില്ല.
ഓപ്പണര്‍മാരായ ഷഫാലി വര്‍മയുടേയും ദയാലന്‍ ഹേമലതയുടേയും കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് 128 റൺസാണ് നേടിയത്. ഷഫാലി വര്‍മ 48 പന്തിൽ 81 റൺസും ഹേമലത 42 പന്തിൽ നിന്ന് 47 റൺസും നേടി.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റേന്തിയ നേപ്പാളിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് മാത്രമേ നേടാനായുള്ളു. ഇന്ത്യയ്ക്കായി ദീപ്തി ശർമ നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. നേപ്പാൾ ബാറ്റിംഗ് നിരയിൽ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 22 പന്തിൽ മൂന്നു ഫോറുകളോടെ 18 റൺസെടുത്ത ഓപ്പണർ സീത റാണയാണ് നേപ്പാളിന്റെ ടോപ് സ്കോറർ.
ഇതോടെ നേപ്പാളിന്റെ സെമി സാധ്യതകൾ അവസാനിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു.