നടി-നടന്മാര്ക്കെതിരേ അശ്ലീല പരാമര്‍ശം; യുട്യൂബര്‍ സന്തോഷ് വര്‍ക്കിയെ പോലീസ് താക്കീത് ചെയ്തു വിട്ടയച്ചു
Tuesday, July 23, 2024 7:14 PM IST
കൊച്ചി:സിനിമ റിവ്യുവിന്റെ മറവില്‍ നടി-നടന്മാര്ക്കെതിരേ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന് എന്ന സന്തോഷ് വര്‍ക്കിയെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്തു വിട്ടയച്ചു. താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന് ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പോലീസിലും പരാതി നല്‍കിയിരുന്നു.
മുമ്പ് നടന് ബാലയെയും സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയുണ്ടായി. ബാലയുടെ പരാതി അമ്മ ജനറല്‍ സെക്രട്ടറി സിദിഖ് ഗൗരവമായി എടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വര്‍ക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പുവച്ചു. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് പോലീസ് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്കി.
സിനിമ റിവ്യൂവിന്റെ മറവില്‍ നടി-നടന്മാരുടെ കുടുംബത്തിനെതിരേ അശ്ലീല പരാമര്‍ശം നടത്തുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് അമ്മയുടെ തീരുമാനം.
അതേ സമയം തന്റെ പരാതിയില്‍ സന്തോഷ് വര്‍ക്കിക്ക് തെറ്റു തിരുത്താനുള്ള അവസരമാണ് നല്‍കിയതെന്ന് നടന് ബാല പറഞ്ഞു.