നിപ: അതിർത്തിയിലെ തമിഴ്നാടിന്റെ പരിശോധനയിൽ അതൃപ്തി അറിയിക്കാൻ കേരളം
Tuesday, July 23, 2024 6:51 PM IST
തിരുവനന്തപുരം: നിപയുടെ പേരിൽ കേരള- തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തമിഴ്നാടിനെ അതൃപ്തി അറിയിക്കാൻ സംസ്ഥാനം നടപടി തുടങ്ങി. വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക് പോസ്റ്റുകളിലാണ് കേരളത്തിൽ നിന്നു പോകുന്ന വാഹനയാത്രക്കാരെ തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. നിർബന്ധിത പരിശോധനയ്ക്കെതിരേ കേരളത്തിലെ ജനപ്രതിനിധികളോട് പലരും പരാതി നൽകിയ സാഹചര്യത്തിലാണ് തമിഴ്നാടിനെ കേരളത്തിന്റെ അതൃപ്തി അറിയിക്കാൻ തീരുമാനിച്ചത്.
നിപയുടെ പേരിൽ കേരളത്തിൽ ഗുരുതര സാഹചര്യമില്ലെന്നിരിക്കെ തമിഴ്നാട് നടത്തുന്ന നിർബന്ധിത പരിശോധന ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. ചീഫ് സെക്രട്ടറിതലത്തിലും ആരോഗ്യവകുപ്പ് സെക്രട്ടറിതലത്തിലും തമിഴ്നാടിനെ കേരളത്തിന്റെ നിലപാട് അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന ഘട്ടത്തിൽ അതിർത്തിയിൽ അവിടെ നിന്നു വരുന്നവരോട് കേരളം യാതൊരു നിയന്ത്രണങ്ങളൊ പരിശോധനകളൊ വിലക്കുകളൊ നടത്തിയിട്ടില്ലെന്നുള്ള വസ്തുത തമിഴ്നാട്ടിനെ അറിയിക്കുമെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം.
മലപ്പുറത്ത് പതിനാലുകാരന് നിപ ബാധിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് 24 മണിക്കൂറും നീളുന്ന പരിശോധന തമിഴ്നാട് ആരോഗ്യ വകുപ്പ് നടത്തുന്നത്. പാലക്കാട് ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്പോസ്റ്റുകളിലുമാണ് കഴിഞ്ഞ ദിവസം തമിഴ്നാട് ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങിയത്.
വാഹന യാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടര്‍യാത്ര അനുവദിക്കുന്നത്. 100 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുണ്ടെങ്കിൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കും. വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദപുരം, ആനക്കട്ടി തുടങ്ങി കേരള – തമിഴ്നാട് അതിര്‍ത്തികളിലാണ് തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചത്.