നീറ്റ്: സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
Tuesday, July 23, 2024 8:20 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി) ചോദ്യപേപ്പർ മേയ് നാലിനു മുന്പു ചോർന്നതായി സുപ്രീംകോടതിയുടെ നിരീക്ഷണം. ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാർ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ പ്രാഥമിക മൊഴിയിൽനിന്ന് ഇക്കാര്യം വ്യക്തമായെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
കേസിൽ ബിഹാർ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മേയ് അഞ്ചിനു പുലർച്ചെയാണ് ചോദ്യപേപ്പർ ചോർച്ച നടന്നതെന്ന കേന്ദ്രസർക്കാരിന്റെ വാദത്തിന് എതിരാണ് പുറത്തുവരുന്ന വിവരങ്ങൾ എന്ന് ഹർജിക്കാർ വാദിച്ചു.
ചോദ്യപേപ്പറുകൾ കസ്റ്റോഡിയൻ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനു മുന്പ് ചോർന്നിരിക്കാമെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും.
രാജ്യവ്യാപകമായി ചോദ്യപ്പേർ ചോർന്നതായി തെളിവില്ലെന്നു കോടതി ഇന്നലെ വ്യക്തമാക്കി. ഫിസിക്സ് ചോദ്യപേപ്പറിലെ ഒരു ചോദ്യത്തിന് ഗ്രേസ് മാർക്ക് നൽകിയിരുന്നു. ഈ ചോദ്യത്തിന്റെ ശരിയുത്തരം കണ്ടെത്താൻ ഡൽഹി ഐഐടിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ രൂപീകരിക്കാൻ ഐഐടി ഡയറക്ടർക്ക് കോടതി നിർദേശം നൽകി.
ഇന്ന് ഉച്ചയ്ക്ക് 12നു മുന്പ് വിഷയം പഠിച്ച് റിപ്പോർട്ട് നൽകണമെന്നും ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഈ ചോദ്യത്തിന് ഗ്രേസ് മാർക്ക് നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നതടക്കമുള്ള കാര്യം കോടതി പുനഃപരിശോധിക്കും.
ബിഹാറിലെ പട്നയിലും ജാർഖണ്ഡിലെ ഹസാരിബാഗിലും ചോദ്യപേപ്പർ ചോർച്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് രാജ്യവ്യാപകമായി സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ തെളിവുകൾ സമർപ്പിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.