സേവനങ്ങൾക്ക് ഉയർന്ന ഫീസിനുള്ള നീക്കം ഉപേക്ഷിക്കണം: കെ.സുധാകരൻ
Tuesday, July 23, 2024 2:38 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള നീക്കം പിണറായി സർക്കാർ ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. അഞ്ചുമാസത്തെ സാമൂഹിക സുരക്ഷാ പെന്ഷന് ഇപ്പോഴും കുടിശികയാണ്.
അത് കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ കേരളീയം നടത്താന്‍ കാട്ടുന്ന ആത്മാര്‍ത്ഥതയ്ക്ക് പിന്നില്‍ സാമ്പത്തിക താത്പര്യമാണ്.സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുജനത്തിന്റെ മടിക്കുത്തിന് പിടിക്കുകയല്ല ചെയ്യേണ്ടത്.
പൊതുജനത്തെ പിഴിഞ്ഞായാലും പണം കൊള്ളയടിക്കണം എന്ന ചിന്തയാണ് പിണറായി സര്‍ക്കാരിനെ നയിക്കുന്നതെന്നും സുധാകരന് പറഞ്ഞു. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു. ചികിത്സാപ്പിഴവും കുറ്റകരമായ അനാസ്ഥയും വെളിവാക്കുന്ന നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പുറത്തുവരുന്നത്.
കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ ആഭ്യന്തരം ഉള്‍പ്പെടെയുള്ള മറ്റുവകുപ്പുകളുടെ പ്രവര്‍ത്തനക്ഷമത പറയാതിരിക്കുകയാണ് ഭേദം. അതിനിടെയാണ് സംസ്ഥാനത്തിന്റെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെന്നും സുധാകരന് പറഞ്ഞു.