ബിഹാറിന് പ്രത്യേക പദവിയില്ല; എൻഡിഎ വിടില്ലെന്ന് ജെഡിയു
Tuesday, July 23, 2024 1:43 AM IST
ന്യൂഡൽഹി : ബിഹാറിനു പ്രത്യേക പദവി നേടിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിന്റെ പേരിൽ എൻഡിഎ വിടില്ലെന്നും ജെഡിയു നേതൃത്വം. പ്രത്യേക പദവിക്കായി സാങ്കേതിക തടസമുണ്ടെങ്കിൽ സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടു.
ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യം പഠിച്ച മന്ത്രിതല സംഘം 2012 മാർച്ച് 30ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് മുൻ നിർത്തിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സാമ്പത്തിക വളർച്ചയും വ്യവസായവത്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ബിഹാറിനും മറ്റ് പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകാൻ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ടോയെന്ന് ബിഹാറിലെ നിന്നുള്ള ജെഡിയു എംപി രാംപ്രിത് മണ്ഡൽ ധനമന്ത്രാലയത്തോട് ചോദിച്ചിരുന്നു.
എന്നാൽ ബിഹാറിന്റെ പ്രത്യേക പദവി പരിഗണനയിൽ ഇല്ലെന്ന് രേഖാമൂലമുള്ള മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ഇതോടെ നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി.
ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.