"ഒരു അധ്യായത്തിന്റെ ഒടുക്കവും പുതിയ സാഹസികതയുടെ തുടക്കവും'- വിരമിക്കൽ പ്രഖ്യാപിച്ച് പി.ആർ. ശ്രീജേഷ്
Monday, July 22, 2024 3:58 PM IST
കൊച്ചി: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ടീം ഇതിഹാസ താരം പി.ആര്. ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന പാരിസ് ഒളിംപിക്സിനു ശേഷം കരിയർ അവസാനിപ്പിക്കുമെന്ന് മലയാളി താരം അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
"എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ൽ ടോക്കിയോയിൽ ഞങ്ങൾ നേടിയ ഒളിംപിക് വെങ്കല മെഡൽ, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു.
രാജ്യാന്തര ഹോക്കിയിലെ എന്റെ അവസാന അങ്കത്തിന്റെ പടിക്കല്‍ നിൽക്കുമ്പോൾ, എന്റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീർപ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നിൽക്കുകയും സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി'- ശ്രീജേഷ് കുറിച്ചു.
2004-ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രീജേഷ് ഇന്ത്യയുടെ ജൂനിയർ ടീമിലെത്തിയത്. 2006-ൽ കൊളംബോയിൽ നടന്ന സാഫ് ഗെയിംസിലായിരുന്നു സീനിയർ ടീമിലെ അരങ്ങേറ്റം. ഇന്ത്യൻ ഹോക്കി ടീം നായകനെന്ന നിലയിലും ഗോള്‍ കീപ്പറെന്ന നിലയിലും ഒന്നര ദശകത്തോളം കളംനിറഞ്ഞ ശ്രീജേഷ് 328 മത്സരങ്ങളിൽ ഗോൾ കീപ്പറായി ഇറങ്ങിയിട്ടുണ്ട്.
2020ലെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ശ്രീജേഷാണ്. 2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചതും അദ്ദേഹത്തിന്റെ മികവിലാണ്.
2014, 2018 ചാമ്പ്യൻസ് ട്രോഫിയില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജേഷ് 2016ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിന് വെള്ളി മെഡല്‍ സമ്മാനിച്ച നായകനുമായി.
പാരിസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്സാണ്. വിരമിച്ചശേഷം അദ്ദേഹം ഇന്ത്യൻ ഹോക്കി ടീമിന്റെ സഹപരിശീലകനാകുമെന്നും സൂചനയുണ്ട്. ലോംഗ് ജംപ് താരവും ആയൂർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.