അര്‍ജുനായുള്ള തിരച്ചില്‍: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി, ഉടൻ പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദേശം
Monday, July 22, 2024 2:20 PM IST
ന്യൂഡൽഹി: കർണാടകയിലെ ഷിരൂരിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. വിഷയത്തിൽ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം അടിയന്തരമായി പരിഗണിക്കാൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സുപ്രീം കോടതി നിർദേശം നൽകി.
മലയാളിയായ അർജുനെ കാണാതായത് ഗൗരവകരമാണെന്നും രണ്ട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വിഷയമാണെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. ഷിരൂരിൽ സംഭവിച്ചതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേ സമയം അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസം തുടരുകയാണ്. തിരച്ചിലിൽ രണ്ടിടങ്ങളില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. കരയിലെ തിരച്ചിലാണ് രണ്ടിടങ്ങളില്‍ സിഗ്നല്‍ ലഭിച്ചത്. ഡീപ്പ് സെര്‍ച്ചര്‍ മെറ്റല്‍ റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരം കിട്ടിയത്.
എന്നാല്‍ സിഗ്നല്‍ അര്ജുന് അകപ്പെട്ട ലോറിയുടേതാണോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് അതിവേഗം മണ്ണ് നീക്കിയുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്.
രക്ഷാദൗത്യത്തിന്റെ ഏഴാംദിനമായ ഇന്ന് കരയിലും ഗംഗാവാലി പുഴയിലും ഒരേ സമയമാണ് തിരച്ചിൽ ആരംഭിച്ചത്. സ്കൂബ ഡൈവേഴ്സും നാവികസേന വിദഗ്ധരും ചേർന്നാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.