ഷിരൂരിലെ രക്ഷാദൗത്യം; രണ്ടിടങ്ങളിൽ റഡാര്‍ സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം
Monday, July 22, 2024 12:43 PM IST
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിലിൽ രണ്ടിടങ്ങളില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചതായി സ്ഥിരീകരിച്ച് സൈന്യം. കരയിലെ തിരച്ചിലാണ് രണ്ടിടങ്ങളില്‍ സിഗ്നല്‍ ലഭിച്ചത്. ഡീപ്പ് സെര്‍ച്ചര്‍ മെറ്റല്‍ റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരം കിട്ടിയത്.
എന്നാല്‍ സിഗ്നല്‍ അര്ജുന് അകപ്പെട്ട ലോറിയുടേതാണോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് അതിവേഗം മണ്ണ് നീക്കിയുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്.
രക്ഷാദൗത്യത്തിന്റെ ഏഴാംദിനമായ ഇന്ന് കരയിലും ഗംഗാവാലി പുഴയിലും ഒരേ സമയമാണ് തിരച്ചിൽ ആരംഭിച്ചത്. സ്കൂബ ഡൈവേഴ്സും നാവികസേന വിദഗ്ധരും ചേർന്നാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.
സൈന്യത്തിന്റെ കൈവശമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള റഡാറുകള്‍ അടക്കം എത്തിച്ച് കരയിലും പരിശോധന നടത്തുകയായിരുന്നു.