വവ്വാലുകളെ ആക്രമിക്കരുത്, രോഗലക്ഷണങ്ങൾ ഉള്ളവർ ദയവായി അറിയിക്കണം: ആരോഗ്യമന്ത്രി
Monday, July 22, 2024 12:43 PM IST
തിരുവനന്തപുരം: നിപ ബാധയുടെ ഉറവിടം കണ്ടെത്താൻ വേണ്ട തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വവ്വാലുകളെ ഓടിച്ച് വിടാനും അവയുള്ള മേഖലയിൽ തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടമുണ്ടാക്കും. വവ്വാലുകളെ ആക്രമിക്കുന്നത് വൈറസ് ബാധ കൂടുതൽ വ്യാപിക്കാൻ ഇടയാക്കുമെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു.
മലപ്പുറത്ത് മരിച്ച കുട്ടി കാട്ട്അമ്പഴങ്ങ കഴിച്ചതായി സുഹൃത്തുക്കളാണ് അറിയിച്ചത്. ഈ പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ട്. കുട്ടി മറ്റ് ജില്ലകളിൽ യാത്ര പോയത് വളരെ മുമ്പാണ്. നിപ മാപ്പിൽ ഉൾപ്പെട്ടവർക്ക് ആശങ്ക വേണ്ട. മുൻകരുതലിന്റെ ഭാഗമായി ആണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ ദയവായി അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇനി പരിശോധിക്കാനുള്ളത് 13 പേരുടെ സാമ്പിളുകളാണ്. ഇതിൽ ആറ് പേർക്ക് പനിയുണ്ട്. 350 പേരാണ് സമ്പർക്ക പട്ടികയിൽ ആകെയുള്ളത്. ഇതിൽ 101 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. 68 ആരോഗ്യപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരത്തെ നാല് പേർ സമ്പർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയിൽ ഇതേ സമയം ഇവർ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്. മലപ്പുറം തുവ്വൂരിൽ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്റെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
പാലക്കാട് ജില്ലയിലുള്ള ചിലരും സമ്പർക്കപ്പട്ടികയിലുണ്ട്. ഇവരുടെയും സാമ്പിളുകൾ പരിശോധിക്കും. മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകൾ പരിശോധിക്കും. കുട്ടിക്ക് ഒപ്പം ബസിൽ സഞ്ചരിച്ചവരെ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ സുഹൃത്തുക്കൾ അടക്കമുള്ളവർക്ക് പ്രത്യേക കൗൺസിലിംഗ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.