നിപ ബാധ: മലപ്പുറത്തെ തുടര്‍നടപടികള്‍ക്കായി അവലോകനയോഗം ഇന്ന്
Monday, July 22, 2024 7:18 AM IST
മലപ്പുറം: പാണ്ടിക്കാട്ടെ നിപ ബാധയില്‍ തുടര്‍ നടപടികള്‍ തീരമാനിക്കാനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. നിപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഎംആര്‍ സംഘം കോഴിക്കോട്ടെത്തി.
നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികള്‍, പരിശോധന, ചികില്‍സ തുടങ്ങിയവയില്‍ ഐസിഎംആര്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും
മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 6 പേരുടെയും പരിസരവാസിയായ ഒരാളുടെയും പരിശോധന ഫലം നെഗറ്റീവാണ്. 330 പേരാണ് കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 68 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേര് ഹൈറിസ്ക് പട്ടികയിലാണ് ഉള്‍പെട്ടിട്ടുള്ളത്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്.
നിലവില്‍ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട 68കാരനെ ട്രാന്‍സിറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവായിരുന്നു.
സ്രവ പരിശോധന കൂടുതല്‍ എളുപ്പമാക്കുന്നതിന് മൊബൈല്‍ ബിഎസ്എല്‍ 3 ലബോറട്ടറി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തും. ഇതോടെ വേഗത്തില്‍ ഫലം ലഭ്യമാക്കാന്‍ സാധിക്കും.