നിപ: രോഗസാധ്യതയുള്ള എല്ലാവരുടെയും സാന്പിളുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
Sunday, July 21, 2024 7:18 PM IST
തിരുവനന്തപുരം: നിപ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാന്പിളുകൾ പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമിക സന്പർക്ക പട്ടികയിൽ 246 പേരും അതിൽ ഹൈ റിസ്ക് വിഭാഗത്തിൽ 63 പേരുമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് നിപ ബാധിച്ച് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. കോണ്ടാക്ട് ട്രെയ്സിംഗ് ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾറൂം തുടങ്ങി. സന്പർക്ക പട്ടിക തയാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
മഞ്ചേരി മെഡിക്കൽ കോളജിൽ 30 ഐസൊലേഷൻ റൂമുകളും കോഴിക്കോട് മെഡിക്കൽ കോളജിൽ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. വണ്ടൂർ, നിലന്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങാൻ നിർദേശിച്ചു.
വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, മറ്റേതെങ്കിലും ജീവികൾ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം.
സംശയമുള്ളവർ നിപ കണ്ടോൾ റൂമിലേക്ക് വിളിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ട്രോൾ റൂം നന്പറുകൾ: 0483-2732010, 0483-2732050, 0483-2732060, 0483-2732090.