ബംഗ്ലാദേശിലെ സംവരണ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
Sunday, July 21, 2024 5:41 PM IST
ധാക്ക: ബംഗ്ലാ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണമെന്ന കീഴ്കോടതി ഉത്തരവ് റദ്ദാക്കി ബംഗ്ലദേശ് സുപ്രീംകോടതി.
കീഴ്കോടതി ഉത്തരവിനു പിന്നാലെ വ്യാപകമായി രാജ്യത്തു കലാപം നടന്ന സാഹചര്യത്തിലാണു തീരുമാനം. രാജ്യമാകെ നടന്ന പ്രക്ഷോഭത്തിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 150ൽ അധികം പേർ കൊല്ലപ്പെട്ടു.
പ്രധാനമന്ത്രി ഷേക് ഹസീനയുടെ സർക്കാർ 2018ൽ സംവരണം എടുത്തുകളഞ്ഞതാണ്. എന്നാൽ ജൂണിൽ ഹൈക്കോടതി സംവരണം പുനഃസ്ഥാപിച്ചതോടെയാണു പ്രതിഷേധം ആരംഭിച്ചത്. തൊഴിലില്ലായ്മ വർധിച്ചതും വിലക്കയറ്റം പോലുള്ള സാന്പത്തികപ്രശ്നങ്ങളുമാണ് വിദ്യാർഥികളെ പ്രതിഷേധത്തിലേക്കു തള്ളിവിടുന്നത്.