നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്നു പേര് കൂടി അറസ്റ്റില്‍
Sunday, July 21, 2024 1:36 AM IST
ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒരു എന്‍ഐടി ബിരുദധാരിയെയും രണ്ട് എംബിബിഎസ് വിദ്യാര്‍ഥികളെയും സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
സംഭവത്തിന്റെ സൂത്രധാരനും ജംഷദ്പുര്‍ എന്‍ഐടിയില്‍നിന്നുള്ള ബി ടെക് ബിരുദധാരിയുമായ ശശികാന്ത് പസ്വാനെയും രണ്ട് വിദ്യാര്‍ഥികളെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. നേരത്തേ അറസ്റ്റിലായ കുമാര്‍, റോക്കി എന്നിവരുമായി ശശികാന്ത് പസ്വാന് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
എംബിബിഎസ് വിദ്യാര്‍ഥികളായ കുമാര്‍ മംഗലം ബിഷ്ണോയ്, ദീപേന്ദര്‍ ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. പരീക്ഷ നടന്നത് മേയ് അഞ്ചിനാണ്. ചോദ്യപേപ്പര്‍ ചോര്‍ന്ന ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ കുമാര്‍ മംഗലവും ദിപേന്ദ്ര ശര്‍മയും ഉണ്ടായിരുന്നു എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.