ലാത്വിയയിൽ മലയാളി വിദ്യാർഥി ഒഴുക്കിൽപ്പെട്ട സംഭവം; ശക്തമായി ഇടപെടുന്നുണ്ടെന്ന് ജോർജ് കുര്യൻ
Saturday, July 20, 2024 11:15 PM IST
ന്യൂഡൽഹി: ലാത്വിയയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം ഇടപെടൽ നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
ഇതുമായി ബന്ധപ്പെട്ട് ലാത്വിയയിലെ പ്രതിനിധിയുമായി സംസാരിച്ചെന്നും കേരളത്തിൽ നിന്ന് കിട്ടിയ പരാതികൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഹൗസിൽ ആൽബിൻ ഷിന്റോ(19)യെയാണ് കാണാതായത്.
അഞ്ച് മാസങ്ങൾക്കു മുൻപാണ് ആൽബിൻ യൂറോപ്പിലേക്കു പോയത്. വ്യാഴാഴ്ച അർധരാത്രിയോടെയാണു ലാത്വിയയിലുള്ള സുഹൃത്തുക്കൾ ആനച്ചാലിലെ വീട്ടിലേക്ക് അപകടവിവരം അറിയിച്ചത്.
നാല് സുഹൃത്തുക്കൾക്കൊപ്പം കായലിൽ കുളിക്കുന്നതിനിടയിൽ ആൽബിൻ മുങ്ങിപ്പോകുകയായിരുന്നു. മറ്റു നാലുപേരും രക്ഷപ്പെട്ടു. ആൽബിനെ കണ്ടെത്താനായിട്ടില്ല.
സംഭവം നടന്നയുടനെ ആല്‍ബിനുവേണ്ടിയുള്ള തിരച്ചില്‍ സുഹൃത്തുക്കളും അധികൃതരും ആരംഭിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തിരച്ചില്‍ തല്ക്കാലം നിര്ത്തിവച്ചിരിയ്ക്കുകയാണന്നാണ് വിവരം. തിരച്ചില്‍ നിര്‍ത്തിയതിന്റെ കാരണം വ്യക്തമല്ല.