വിദേശകാര്യ ഏകോപനത്തിന് വാസുകിയെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെ.സുരേന്ദ്രന്
Saturday, July 20, 2024 3:42 PM IST
തിരുവനന്തപുരം: കേരളത്തിന്റെ വിദേശകാര്യ ഏകോപനത്തിനുള്ള സെക്രട്ടറിയായി കെ.വാസുകിയെ നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്.
കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി വിജയൻ കരുതരുത്. പിണറായി സർക്കാർ ഫെഡറൽതത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇങ്ങനെപോയാൽ സ്വന്തമായി കോൺസുലേറ്റും വിദേശകാര്യമന്ത്രിയുമെല്ലാം വേണമെന്ന് പിണറായി വിജയന് തോന്നും.
രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്ന വിദേശകാര്യ സെക്രട്ടറി നിയമനം ഉടൻ റദ്ദാക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.