ആറന്മുള വള്ളസദ്യ ഞായറാഴ്ച മുതല്‍
Saturday, July 20, 2024 3:15 PM IST
ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ച് പാചകപ്പുരയിലെ അടുപ്പില്‍ ശനിയാഴ്ച രാവിലെ അഗ്നിപകര്‍ന്നു.
ക്ഷേത്ര ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ഭദ്രദീപം ഊട്ടുപുരയില്‍ എത്തിച്ച് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍ നിലവിളക്കു കൊളുത്തുകയും തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന് അടുപ്പിലേക്ക് അഗ്നിപകരുകയും ചെയ്യും.
ഞായറാഴ്ച ആരംഭിക്കുന്ന വള്ളസദ്യ വഴിപാട് ഒക്ടോബര്‍ രണ്ടുവരെ നീളും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപവത്കരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പള്ളിയോട സേവാസംഘം പ്രസിഡന്റ്, സെക്രട്ടറി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്, ഭക്തജന പ്രതിനിധികളായ ഡോ.കെ.ജി. ശശിധരന് പിള്ള (കോഴഞ്ചേരി), രവീന്ദ്രനായര്‍ (മാലക്കര) എന്നിവരാണ് ഇക്കൊല്ലത്തെ നിര്‍വഹണ സമിതി അംഗങ്ങള്‍.
ക്ഷേത്രത്തില്‍ പത്തുവള്ളസദ്യകളും സമീപത്തുള്ള സദ്യാലയങ്ങളിലായി അഞ്ചു വള്ളസദ്യകളും നടത്തുന്നതിന് സൗകര്യമുണ്ട്. പ്രതിദിനം 15 വള്ളസദ്യകള്‍ വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. ആദ്യദിവസം വഴിപാടായി 10 വള്ളസദ്യകള്‍ നടക്കും. 44 വിഭവങ്ങളാണ് വള്ളസദ്യയ്ക്കുള്ളത്. ശ്ലോകം ചൊല്ലി വാങ്ങുന്ന 20 വിഭവങ്ങള്‍ വേറെയുമുണ്ട്.
ഞായറാഴ്ച രാവിലെ 11.30ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രിമാരായ വി.എന്‍.വാസവന്, വീണാ ജോര്‍ജ് , ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിശിഷ്ടാതിഥികള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും വള്ളസദ്യ ആസ്വദിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
വള്ളസദ്യയുടെ തുടക്ക ദിവസം 10 പള്ളിയോടങ്ങള്‍ക്കാണ് സദ്യ ക്രമീകരിച്ചിരിക്കുന്നത്. ഇടശേരിമല കിഴക്ക്, തോട്ടപ്പുഴശേരി, വെണ്‍പാല, തെക്കേമുറി, മല്ലപ്പുഴശേരി, മേലുകര, കോറ്റാത്തൂര്‍, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ പള്ളിയോടങ്ങളാണ് ആദ്യദിനം വള്ളസദ്യയില്‍ പങ്കെടുക്കുന്നത്.