കാട്ടാക്കടയിൽ യുവതിയുടെയും യുവാവിന്റെയും മരണം; പിന്നിൽ സംശയരോഗമെന്നു നിഗമനം
Saturday, July 20, 2024 2:42 PM IST
തിരുവനന്തപുരം : കാട്ടാക്കടയിൽ ദുരൂഹസാഹചര്യത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തും.
കുരുതംകോട് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ പ്രമോദ്(35), കുരുതംകോട് പാലയ്ക്കൽ ഞാറവിളവീട്ടിൽ റീജ(43) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റീജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലയ്ക്ക് പിന്നിൽ പ്രമോദിന്റെ സംശയരോഗമാണെന്നും പോലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം. ഭർത്താവ് ഉപേക്ഷിച്ച റീജയ്ക്കൊപ്പം താമസിക്കുകയായിരുന്നു പ്രമോദ്. കളക്ഷൻ ഏജന്റായി ജോലി ചെയ്തിരുന്ന റീജയുമായി ഇയാൾ പലപ്പോഴും വഴക്ക് കൂടിയിരുന്നതായും അത് മർദനത്തിൽ കലാശിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് റീജയുടെ ഭർത്താവ് തമിഴ്നാട് സ്വദേശി വാസു ഇവരെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതിൽ രണ്ട് മക്കളുമുണ്ട്. ഇപ്പോൾ അയൽവാസിയായ പ്രമോദിന്റെ വീട്ടിലായിരുന്നു ഇവരുടെ താമസം. അടുത്തിടെ ഒരു കേസുമായി ബന്ധപ്പെട്ട് പ്രമോദ് റിമാൻഡിയിരുന്നു.
അതിനുശേഷം പുറത്തിറങ്ങിയ പ്രമോദ് വീണ്ടും റീജയോടൊപ്പമായിരുന്നു താമസം. ഇന്നലെ യുവതിയെ കാണാതായതോടെ ബന്ധുക്കൾ കാട്ടാക്കട പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയം തോന്നി പോലീസ് പ്രമോദിന്റെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയെ കഴുത്തറുത്ത് കട്ടിലിൽ മരിച്ച നിലയിലും യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് ഇളക്കി നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. പരേതരായ സ്റ്റീഫൻ -അമ്മിണി ദമ്പതികളുടെ മകനാണ് പ്രമോദ്. സഹോദരി കിങ്ങിണി തമിഴ്നാട്ടിലാണ്.