അർജുനെ കണ്ടെത്താൻ ഊർജിത ശ്രമം; വേണ്ടിവന്നാൽ സൈന്യത്തിന്റെ സഹായം തേടും: കെ.സി. വേണുഗോപാൽ
Saturday, July 20, 2024 10:52 AM IST
ബംഗളുരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലേക്കു മലയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ വേണ്ടിവന്നാൽ സൈന്യത്തിന്റെ സഹായം തേടുമെന്ന് കെ.സി. വേണുഗോപാൽ എംപി.
രക്ഷാപ്രവർത്തനം സംബന്ധിച്ച് രാവിലെ വീണ്ടും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് കൂടുതൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏതുവിധേനയും തിരച്ചിൽ പൂർത്തിയാക്കണമെന്നാണ് കരുതുന്നത്. സാധ്യമാകുന്ന എല്ലാ രക്ഷാപ്രവർത്തനങ്ങളും നടത്തുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ 40 അംഗ സംഘമാണു തെരച്ചിലിനു നേതൃത്വം നല്‍കുന്നത്. പുഴയിൽ തെരച്ചിൽ നടത്താൻ നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. എന്നാൽ, അർജുൻ സഞ്ചരിച്ച ലോറി പുഴയിലേക്കു വീണിട്ടില്ലെന്നാണു ജിപിഎസ് ലൊക്കേഷൻ പരിശോധിച്ചതിൽനിന്നു വ്യക്തമാകുന്നത്.
ഇക്കാര്യം സംഭവസ്ഥലം സന്ദർശിച്ച ഉത്തരകന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയപാതയിൽ മണ്ണുമൂടിക്കിടക്കുന്ന ഭാഗത്ത് അർജുനും ലോറിയും കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണു നിഗമനം. കർണാടകയിൽനിന്നുള്ള ഒരു കുടംബം സഞ്ചരിച്ച കാറും ഇവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നാണു സൂചന.
നിരവധി പേർ മണ്ണിനടിയിൽ പെട്ടതായി സൂചനയുണ്ടെങ്കിലും ഏഴു മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താനായത്. സംഭവസ്ഥലത്തിനു തൊട്ടുതാഴെയുള്ള ഗംഗാവതി നദിയിൽനിന്നാണു മൃതദേഹങ്ങൾ ലഭിച്ചത്.