കാലാവധി തീരാൻ അഞ്ചു വർഷം ബാക്കി; യുപിഎസ്സി ചെയർപേഴ്സൺ മനോജ് സോണി രാജിവച്ചു
Saturday, July 20, 2024 10:46 AM IST
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ചെയർപേഴ്സൺ മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നൽകിയ രാജിക്കത്തിൽപ്പറയുന്നു.
2029 വരെ കാലാവധി ശേഷിക്കെയാണ് രാജി. ഐഎഎസ് ഓഫീസർ പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദവുമായി സോണിയുടെ രാജിക്ക് ബന്ധമില്ലെന്നും രണ്ടാഴ്ച മുമ്പാണ് സോണി രാജിക്കത്ത് നൽകിയതെന്നും രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു.
2005 ൽ 40-ാം വയസിലാണ് മനോജ് സോണി ഗുജറാത്തിലെ ബറോഡ എംഎസ് സർവകലാശാലയുടെ വൈസ് ചാൻസലറായത്. അന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായിരുന്നു അദ്ദേഹം.
തുടർന്ന് ബാബ സാഹിബ് അംബേദ്കർ ഓപ്പൺ സർവകലാശാലയുടെ വിസിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.