സ്കൂൾ അവധി; ആത്മഹത്യാ ഭീഷണി മുഴക്കി കളക്ടർക്ക് സന്ദേശം
Saturday, July 20, 2024 3:47 AM IST
പത്തനംതിട്ട: മഴയേത്തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാത്തതിനു പത്തനംതിട്ട കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. മഴ കനത്തതോടെ അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ എണ്ണമറ്റ ഫോൺ കോളുകളാണ് നിത്യവും വരുന്നതെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ. എണ്ണിയാൽ തീരാത്ത മെസേജുകളും വരാറുണ്ട്.
ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്സണൽ അക്കൗണ്ട് വരെ തപ്പിപ്പിടിച്ച് അതിലേക്കും മെസേജ് അയക്കുന്നവരുമുണ്ട്. പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. കളക്ടർ രാജിവയ്ക്കണമെന്നാണ് ചിലരുടെ ആവശ്യം. തനിക്ക് ഭാവിയിൽ കളക്ടറാകാനാണ് ആഗ്രഹം, ഇന്ന് വെള്ളത്തിൽ മുങ്ങിപ്പോയാൽ ആഗ്രഹം നടക്കാതെ വരും എന്ന് പറഞ്ഞവരുമുണ്ട്.
അവധി തന്നില്ലെങ്കിൽ സ്കൂളിൽ പോകില്ല, തന്റെ അവസാനത്തെ ദിവസമായിരിക്കും, അവധി തന്നില്ലെങ്കിൽ കളക്ടറായിരിക്കും ഉത്തരവാദി എന്നതടക്കമുള്ള മെസേജുകളുമുണ്ട്. സഭ്യമല്ലാത്ത മെസേജുകൾ വന്നപ്പോൾ ആരാണെന്ന് സൈബർ സെൽ വഴി കണ്ടെത്തി.
ഒരു കൊച്ചുകുട്ടിയാണെന്നു കണ്ടപ്പോൾ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഉപദേശിച്ചുവിട്ടു. ഇത്തരം സന്ദേശങ്ങൾ കണ്ടാൽ ഇനിയും കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്താൻ തന്നെയാണ് കളക്ടറുടെ തീരുമാനം.