കൊല്ലത്ത് ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണശ്രമം
Saturday, July 20, 2024 12:32 AM IST
കൊല്ലം: ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണശ്രമം. കൊല്ലം ചടയമംഗലത്താണ് സംഭവം. മാസ്ക്ക് ധരിച്ചെത്തിയ യുവാവും യുവതിയും ചേർന്നാണ് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്.
ഭാര്യയും ഭർത്താവുമാണെന്ന് പരിചയപെടുത്തി സ്വർണം വാങ്ങാനാണെന്ന വ്യാജേനയാണ് ഇവർ ജ്വല്ലറിയിൽ എത്തിയത്. തുടർന്ന് മാല കവർന്ന് രക്ഷപ്പെടാനായിരുന്നു പദ്ധതി.
എന്നാൽ യുവതി മാല മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് യുവാവ് കടയിലുണ്ടായിരുന്ന ജീവനക്കാർക്കും ഉടമയ്ക്കും നേരേ കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ടു.