അർജുനായുള്ള രക്ഷാപ്രവർത്തനം; അടിയന്തര ഇടപെടലിന് നിർദേശം നൽകി മുഖ്യമന്ത്രി
Friday, July 19, 2024 1:47 PM IST
ബംഗളൂരു: കർണാടകയിൽ കോഴിക്കോട് സ്വദേശിയായ അർജുൻ മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയേ തുടര്‍ന്നാണ് നേരത്തേ നിർത്തിവച്ച രക്ഷാപ്രവർത്തനം അൽപം മുന്‍പ് പുനരാംഭിച്ചിരുന്നു. എന്‍ഡിആര്‍എഫും പോലീസും അഗ്നിരക്ഷാസേനയും അടങ്ങുന്ന സംഘമാണ് തിരച്ചിൽ പുനരാംരംഭിച്ചത്. കര്‍ണാടക മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെത്തിയ പ്രത്യേക രക്ഷാസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരും കോൺഗ്രസ് എംപിമാരും കർണാടക സർക്കാരുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.
കർണാടക ഗതാഗത മന്ത്രിയുമായും സംസാരിച്ചു. ചെറിയ മണ്ണിടിച്ചിൽ അല്ല, വലിയ മണ്ണിടിച്ചിൽ ആണ്. വെള്ളത്തിനിടയിൽ ആണെങ്കിൽ ജിപിഎസ് കിട്ടില്ല. ലോറി മണ്ണിനടയിൽ ആകാനാണ് സാധ്യതയെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
അര്‍ജുനെ കണ്ടെത്താന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഫോണില്‍ വിളിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ശിവകുമാര്‍ ഉറപ്പു നല്കി.
അര്ജുന് അകപ്പെട്ട ലോറി ഗംഗാവാലി പുഴയില്‍ വീണിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുന്നുണ്ട്. പുഴ കവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടാനാണ് തീരുമാനം. നാവികസേനയുടെ ഡൈവര്‍മാര്‍ ഹെലികോപ്റ്റര്‍വഴി പുഴയിലിറങ്ങി പരിശോധന നടത്താനാണ് ആലോചിക്കുന്നത്.