മുത്തങ്ങ വനപാതയിൽ കുടുങ്ങിയ 500 ഓളം പേരെ പുറത്തെത്തിച്ചു
Friday, July 19, 2024 6:29 AM IST
കൽപ്പറ്റ: റോഡിൽ വെള്ളംകയറിയതിനെത്തുടർന്ന് മുത്തങ്ങ വനപാതയിൽ കുടുങ്ങിയ 500 ഓളം പേരെ പുറത്തെത്തിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ആളുകളെ പുറത്തെത്തിച്ചത്.
മുത്തങ്ങയിലെ ട്രക്കിംഗ് റൂട്ട് വഴിയാണ് ചില ആളുകളെ രക്ഷപ്പെടുത്തിയത്. ഈ വഴിയിൽ കാട്ടാനയുടെ സാന്നിധ്യം കണ്ടെതോടെ രക്ഷാദൗത്യം ഇടയ്ക്ക് നിർത്തിവയ്ക്കുന്ന സാഹചര്യമുൾപ്പെടെയുണ്ടായി.
വെള്ളക്കെട്ടിൽ കുടുങ്ങി കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ നിലവിൽ പുറത്തെത്തിക്കാനാിട്ടില്ല. കർണാടകയിൽ നിന്ന് എത്തിയ യാത്രക്കാരാണ് വനപാതയിൽ കുടുങ്ങിയത്.
വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് എൻഎച്ച് 766 ലെ ദേശീയ പാതയിൽ മുത്തങ്ങയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മുത്തങ്ങയ്ക്കും പൊൻകുഴിക്കുമിടയിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.