ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായേക്കും; ചർച്ചകൾ അന്തിമഘട്ടത്തിൽ
Thursday, July 18, 2024 11:01 PM IST
ചെന്നൈ: തമിഴ്നാട് മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്ന് സൂചന. നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി സ്റ്റാലിന് ഓഗസ്റ്റ് 22ന് യുഎസ് സന്ദർശനത്തിന് പോകുന്നതിന് മുമ്പായി ഉദയനിധി പുതിയ സ്ഥാനത്തെത്തുമെന്നാണ് സൂചന. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.
2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനും നീക്കങ്ങൾ നടക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. സനാതന ധർമ്മ വിവാദത്തെ തുടർന്ന് അന്നത്തെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്.