ആശങ്കകൾക്ക് വിരാമം; ആലുവയിൽ നിന്നു കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി
Thursday, July 18, 2024 3:31 PM IST
തൃശൂര്‍: ആലുവയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചു.
ആലുവ തോട്ടക്കാട്ടുകരയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ കാണാതായത്.
ശിശുക്ഷേമ സമിതി അയച്ച രണ്ട് കുട്ടികൾ, സ്ഥാപനത്തിൽനിന്ന് പഠിക്കുകയായിരുന്ന ഒരു പെൺകുട്ടി എന്നിവരെയാണ് കാണാതായത്. സ്ഥാപനത്തിന് മുന്നിലും പിന്നിലുമായി ഗേറ്റുകളുണ്ട്. ഇതിലൂടെ താഴ് തുറന്ന് പുറത്തുപോയതായാണ് സൂചന.
ഇതുവഴി ദേശീയപാതയിലെ പറവൂർ കവല, സെമിനാരിപ്പടി ബസ് സ്റ്റോപ്പുകളിലാണ് ആദ്യം എത്താനാകുക. നിരീക്ഷണക്കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ആലുവ ടൗൺ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചത്.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ, വയോജനങ്ങൾ എന്നിവരെയാണ് മാതൃ ശക്തിയിൽ സംരക്ഷിക്കുന്നത്.