റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണു; യുവതിക്ക് ദാരുണാന്ത്യം
Thursday, July 18, 2024 12:39 PM IST
മുംബൈ: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിനിയായ ആന്‍വി കാംദാര്‍(26) ആണ് മരിച്ചത്.
മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്തുള്ള കുംഭെ വെള്ളച്ചാട്ടത്തില്‍ വീണായിരുന്നു അപകടം. 300 അടി താഴ്ചയിലേക്കാണ് വീണത്. ജൂലൈ 16ന് സുഹൃത്തുക്കളോടൊപ്പമാണ് ആന്‍വി വെള്ളച്ചാട്ടം കാണാനെത്തിയത്. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാസംഘം സംഭവസ്ഥലത്തേക്ക് എത്തിയത്. കൂടാതെ കോസ്റ്റ് ഗാര്‍ഡ്, കോലാഡ് റെസ്ക്യൂ ടീം, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്റ്റാഫ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആന്‍വിയെ താഴ്ചയില്‍ നിന്ന് പുറത്തെത്തിച്ചത്.
വീഴ്ചയില്‍ പരിക്കേറ്റതിനാല്‍ പുറത്തെടുക്കുമ്പോള്‍ തന്നെ നില ഗുരുതരമായിരുന്നു. പിന്നീട് മണഗാവ് ഉപജില്ലാ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമണ് മരണം സ്ഥിരീകരിച്ചത്.