യാത്രാ നിരോധനമുണ്ടായിട്ടും കുട്ടികളുമായെത്തി; മൂന്നാറില്‍ സ്കൂള്‍ബസ് തടഞ്ഞ് പോലീസ്
Thursday, July 18, 2024 11:21 AM IST
ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ബസ് പോലീസ് തടഞ്ഞു. ചിന്നക്കനാലിലെ സ്വകാര്യ സ്കൂളിന്റെ ബസാണ് തടഞ്ഞത്.
പ്രീ പ്രൈമറി ക്ലാസുകളിലെ അടക്കം കുട്ടികളുമായാണ് യാത്രാനിരോധനമുള്ള മേഖലയിലൂടെ ബസെത്തിയത്. ബസ് പോലീസ് പിന്നീട് വഴിതിരിച്ച് വിട്ടു.
ഗ്യാപ് റോഡില്‍ യാത്രാ നിരോധനം ഉണ്ടായിട്ടും സ്കൂളിന് അവധി നല്‍കിയിരുന്നില്ല. ജില്ലാ ഭരണകൂടം അവധി നല്കിയാല് മാത്രമേ സ്കൂളിന് അവധി നല്‍കാനാവൂ എന്നാണ് അധികൃതരുടെ വാദം. ഗ്യാപ് റോഡ് വഴി വരേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്നും ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു.