യുപിയില്‍ നിർണായക നീക്കങ്ങൾ; യോഗി ഗവർണറെ കണ്ടു
Wednesday, July 17, 2024 10:02 PM IST
ലക്നോ: ഉത്തര്‍പ്രദേശ് ബിജെപിയില്‍ അഴിച്ചുപണി ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ ഡൽഹിയിലും ലക്നോവിലും നിർണായക നീക്കങ്ങൾ. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ ഒരു സംഘം കേന്ദ്ര നേതൃത്വത്തെ സന്ദർശിച്ചിരുന്നു.
ഇതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭാ യോഗം വിളിച്ചു ചേർക്കുകയും ഗവർണർ ആനന്ദിബെന്‍ പട്ടേലിനെ സന്ദർശിക്കുകയും ചെയ്തു. ഉടൻ ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് യോഗി ഗവര്‍ണറെ കണ്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കേശവ് പ്രസാദ് മൗര്യ ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യോഗി ആദിത്യനാഥുമായി ഭിന്നതയുണ്ടെന്ന അഭ്യൂഹമുയര്‍ന്നത്. ഇതിനു പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചുവെന്ന് സൂചനയുണ്ട്. യുപിയിൽ ഉടൻ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്‍പ് സംഘടനാ തലത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടെ യോഗിക്കെതിരായ പടയൊരുക്കത്തിൽ ബിജെപിയെ പരിഹസിച്ച് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ബിജെപിക്കുള്ളിൽ തന്നെ ഓപ്പറേഷൻ താമര തുടങ്ങിയെന്നാണ് അഖിലേഷ് യാദവ് പരിഹസിച്ചത്.