ഐടി മേഖലയിൽ നിന്നുൾപ്പെടെ എതിർപ്പ് ; കന്നഡ സംവരണ ബിൽ മരവിപ്പിച്ചു
Wednesday, July 17, 2024 9:30 PM IST
ബംഗളൂരൂ: ശക്തമായ എതിർപ്പിനെ തുടർന്ന് കന്നഡ സംവരണ ബിൽ സർക്കാർ മരവിപ്പിച്ചു. കർണാടകയിൽ സ്വകാര്യമേഖലയിലെ ജോലികൾക്ക് സ്വദേശി സംവരണത്തിനുള്ള നീക്കത്തിൽ നിന്ന് തത്ക്കാലം പിൻമാറിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കൂടിയാലോചനകൾക്ക് ശേഷമെ അന്തിമതീരുമാനം എടുക്കൂവെന്നും വ്യവസായ മേഖലയോട് ആലോചിച്ചു മാത്രമേ തീരുമാനം ഉണ്ടാകൂവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഐടി മേഖലയിൽ നിന്നുൾപ്പെടെ വലിയ എതിർപ്പ് വന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനം.
50 ശതമാനം മാനേജ്മെന്റ് പദവികളും 75 ശതമാനം നോൺ മാനേജ്മെന്റ് ജോലികളിലും കന്നഡക്കാരെ നിയമിക്കാനായിരുന്നു നീക്കം. സർക്കാർ തീരുമാനം വ്യവസായ വളർച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസസ് കമ്പനീസ്) പ്രതികരിച്ചു.