യുപി ബിജെപിയിൽ പൊട്ടിത്തെറി ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
Wednesday, July 17, 2024 8:23 PM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് രാജിസന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
നേരത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് നേതൃമാറ്റം ഉടന്‍ നടക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തര്‍പ്രദേശില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെത്തി കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തിവരുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ചില നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
2027 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള ഒരാളെ ബിജെപി അധ്യക്ഷനാക്കണമെന്ന താത്പര്യം കേന്ദ്ര നേതൃത്വത്തിനുണ്ടെന്നാണ് സൂചന. ജാട്ട് സമുദായാംഗമായ ഭൂപേന്ദ്ര ചൗധരി 2022 ലാണ് സംസ്ഥാന അധ്യക്ഷനായത്.