ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ പാന്പുകടിച്ചു
Wednesday, July 17, 2024 5:05 PM IST
പാലക്കാട് : ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ പാന്പുകടിച്ചു. പനിബാധിച്ച മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയ്ക്കാണ് പാന്പുകടിയേറ്റത്.
ബുധനാഴ്ച രാവിലെ 11 നായിരുന്നു സംഭവം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഗായത്രി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
ഇന്നലെ രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തറയില്‍ വീണ യൂറിന്‍ തുടയ്ക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കൈയിൽ പാന്പുകടിയേറ്റത്.
പാമ്പിനെ പിടികൂടി കുപ്പിയിലടച്ച് സൂക്ഷിച്ചിരിക്കുകയാണ്. ഏത് പാമ്പാണ് കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തിൽ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ടു തേടി.