വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; രണ്ടുമുറികൾ തകർന്നു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Wednesday, July 17, 2024 9:53 AM IST
കൊച്ചി: എറണാകുളം പള്ളിക്കരയില്‍ കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. രണ്ടു മുറികൾ തകർന്നെങ്കിലും വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു.
മുട്ടം തോട്ടച്ചില്‍ ജോമോന് മാത്യുവിന്റെ വീടാണ് തകര്‍ന്നത്. രാത്രി 11 മണിയോടെയാണ് സംഭവം. വീടിന്റെ പിൻവശത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. കിടപ്പുമുറിയടക്കം രണ്ട് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഈ സമയം വീട്ടിലുണ്ടായിരുന്നവർ എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനാൽ വൻ ദുരന്തമൊഴിവായി. പ്രദേശത്ത് ചൊവ്വാഴ്ച കനത്ത മഴയാണ് ലഭിച്ചത്.