മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തും: വീണാ ജോർജ്
Wednesday, July 17, 2024 7:34 AM IST
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശുപത്രികളിലെ സുരക്ഷിതത്വവും പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാനാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി.
ജീവനക്കാര്‍ ചെക്ക് ലിസ്റ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരും ഉറപ്പാക്കണം. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും.
പ്രൊമോഷനിലും കോണ്‍ട്രാക്ട് പുതുക്കലിനും വിജയകരമായ പരിശീലനം പ്രധാന മാനദണ്ഡമായിരിക്കും. ജീവനക്കാരോടും കൂട്ടിരിപ്പുകാരോടും സഹാനുഭൂതിയോടെ പെരുമാറണം. അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും മന്ത്രി അറിയിച്ചു.
കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. ജീവനക്കാര്‍ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വഹിക്കണമെന്നും മന്ത്രി അറിയിച്ചു.