പണിമുടക്ക് തുടര്‍ന്ന് മെഡിക്കല്‍ കോളജ് ലിഫ്റ്റ്; ഇത്തവണ കുടുങ്ങിയത് ഡോക്ടറും രോഗിയും
Tuesday, July 16, 2024 3:00 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയും ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തില്‍ നിന്നൂം സിടി സ്കാനില്‍ പോകുന്ന ലിഫ്റ്റിലാണ് കുടുങ്ങിയത്. ഇരുവരെയും പുറത്തെത്തിച്ചു.
ഇന്നുച്ചയ്ക്കാണ് സംഭവം. രോഗിയും ഡോക്ടറും മിനിറ്റുകളോളം ലിഫ്റ്റിനുള്ളില്‍ ആയിരുന്നു. ഡോക്ടര്‍ അപായമണി മുഴക്കുകയും അത്യാഹിത നമ്പരുകളില്‍ വിളിക്കുകയും ചെയ്തതോടെയാണ് വിവരം മറ്റുള്ളവര്‍ അറിഞ്ഞത്. ലിഫ്റ്റിന്റെ സാങ്കേതിക വിദഗ്ധര്‍ എത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി.
അടുത്തിടെ മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി രണ്ടുദിവസമാണ് കുടുങ്ങിക്കിടന്നത്. ഓര്‍ത്തോ ഒപിയിലെത്തിയ ഉള്ളൂര്‍ സ്വദേശി രവീന്ദ്രന് നായര്‍ ആണ് ഇത്തരത്തില്‍ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കുടുങ്ങിയ അദ്ദേഹം തിങ്കളാഴ്ച രാവിലെ ആറോടെ ഓപ്പറേറ്റര്‍ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് പുറംലോകം കണ്ടത്.
ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമര്‍ത്തിയെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് ലിഫ്റ്റിലുണ്ടായിരുന്ന ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുക്കുകയും ചെയ്തില്ലെന്ന് രവീന്ദ്രന് നായര്‍ പറഞ്ഞു. ലിഫ്റ്റ് നിന്ന് പോയപ്പോള്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടിയതിനാല്‍ ആരെയും വിളിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതോടെ 42 മണിക്കൂര്‍ ആണ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്.