കേന്ദ്ര വിഹിതം: എംപിമാർ സംയുക്ത നിവേദനം നൽകും
Monday, July 15, 2024 8:19 PM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കേന്ദ്രത്തിന് കേരളത്തിൽ നിന്നുള്ള എംപിമാർ സംയുക്ത നിവേദനം നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. നാടിന്റെ പൊതുവായ കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാനാവണമെന്നും വേണുഗോപാലിന്റെ വാഗ്ദാനം പൂർണമായി ഉൾക്കൊള്ളുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശരാശരി 16 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാന വിഹിതമായിരുന്ന സ്ഥാനത്ത് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പാസാക്കിയതിനു ശേഷം 14.25 ലക്ഷം ടൺ അരി മാത്രമാണ് ലഭിക്കുന്നത്. ഒരു മാസം വിതരണം ചെയ്യുന്ന അരിക്ക് പരിധി നിശ്ചയിച്ചു.
അധികമായ വിതരണത്തിന് പിഴ നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ താത്പര്യത്തിന് യോജിച്ചതല്ല. ഇത് തിരുത്തിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു.
കോഴിക്കോട് കിനാലൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനുള്ള സമ്മർദം ചെലുത്തും. ദേശീയ ആരോഗ്യമിഷൻ പദ്ധതി വിഹിതത്തിൽ കഴിഞ്ഞതവണത്തെ ആയിരം കോടിയോളം രൂപ ലഭിക്കാനാവശ്യമായ സമ്മർദ്ദം ചെലുത്തുമെന്ന് എംപിമാർ പറഞ്ഞു.
വനം-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കാനാവശ്യമായ ഇടപെടൽ ഉണ്ടാകും. കേന്ദ്ര വന നിയമത്തിൽ മാറ്റത്തിനു വേണ്ടി ശ്രമിക്കും. തീരദേശ പരിപാലന നിയമത്തിലെ ഇളവുകൾ നിലവിൽ 66 പഞ്ചായത്തുകൾക്കാണ് ലഭിച്ചിരിക്കുന്നത്.
തദേശസ്വയം ഭരണ വകുപ്പിന്റെ വിഞ്ജാപന പ്രകാരം ഉൾപ്പെട്ട 109 തീരദേശ പഞ്ചായത്തുകളിൽ കൂടി ഇളവ് ബാധകമാക്കുന്നതിനാവശ്യമായ നടപടികളെ ഏകോപിപ്പിക്കുമെന്നും പാർലമെന്റംഗങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.