മയക്കുമരുന്ന് കേസ്; നടി രാകുൽ പ്രീത് സിംഗിന്റെ സഹോദരൻ അറസ്റ്റിൽ
Monday, July 15, 2024 7:33 PM IST
ഹൈദരാബാദ്: നടി രാകുൽ പ്രീത് സിംഗിന്റെ സഹോദരൻ ഉൾപ്പടെ നാലുപേർ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്.
നടിയുടെ സഹോദരൻ അമൻ പ്രീത് സിംഗ്, സുഹൃത്തുക്കളായ അനികേത്, പ്രസാദ്, മധു, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്.
35 ലക്ഷം രൂപ വിലമതിക്കുന്ന 199 ഗ്രാം കൊക്കെയ്ൻ, രണ്ട് പാസ്പോർട്ടുകൾ, രണ്ട് ബൈക്കുകൾ, 10 സെൽ ഫോണുകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ നർസിംഗിയിലെ ഹൈദർഷകോട്ലയിലെ ഒരു ഫ്ളാറ്റിൽ നിന്നും പിടിച്ചെടുത്തതായി തെലുങ്കാന പോലീസ് പറഞ്ഞു.
നേരത്തെ, നഗരത്തിലെ ഉന്നതരായ ആളുകൾക്ക് കൊക്കെയ്ൻ വിറ്റതിന് രണ്ട് നൈജീരിയക്കാരുൾപ്പെടെ അഞ്ച് മയക്കുമരുന്ന് വിൽപ്പനക്കാരെ തെലങ്കാന ആന്റി നാർക്കോട്ടിക് ബ്യൂറോയും സൈബരാബാദ് പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ടീമും (എസ്ഒടി) രാജേന്ദ്രനഗർ പോലീസും അറസ്റ്റ് ചെയ്തിരുന്നു.
ഇവരുമായി ഇടപാട് നടത്തിയവരിൽ അമനും ഉണ്ടെന്ന് സൈബറാബാദ് പോലീസ് കമ്മീഷണർ അവിനാഷ് മൊഹന്തി പറഞ്ഞു. ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങിയ 13 പേരിൽ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ മൂത്ര സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഇവർ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രാകുൽ പ്രീത് സിംഗിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നു. 2022ലും 2021ലും ഇതുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി അന്വേഷണ ഏജൻസി രേഖപ്പെടുത്തിയിരുന്നു.