വിഴിഞ്ഞം തുറമുഖത്ത് നിന്നും സാൻ ഫെർണാഡോ മടങ്ങി; കൊളംബോയിൽ നിന്നും കെമാറിൻ എത്തി
Monday, July 15, 2024 6:05 PM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പൽ മടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് കണ്ടെയ്നർ കപ്പലായ സാൻ ഫെർണാണ്ടോ മടങ്ങിയത്.
തുടർന്ന് കൊളംബോയില്‍ നിന്നും കെമാറിന് അസൂര്‍ എന്ന കപ്പല്‍ ഉച്ചയ്ക്ക് 2.40-ഓടെ വിഴിഞ്ഞം തുറമുഖത്ത് എത്തി. തുറമുഖത്തെ ക്രെയിനുകളുപയോഗിച്ച് കെമാറിന് അസൂറില്‍ നിന്ന് 338 കണ്ടെയ്നറുകള്‍ ഇറക്കി യാര്‍ഡിലേക്ക് മാറ്റി.
സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്നും തുറമുഖത്ത് ഇറക്കിവച്ചിരുന്ന കണ്ടെയ്നറുകളില്‍ 798 കണ്ടെയ്നറുകള്‍ കയറ്റിയാണ് കപ്പല്‍ തിരികെ മടങ്ങുക. ചൊവ്വാഴ്ച വൈകിട്ടോടെ കപ്പല്‍ വിഴിഞ്ഞത്തുനിന്ന് മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തേക്ക് തിരിക്കുമെന്ന് കപ്പല്‍ ഏജന്‍സിയായ ഐഎസ്എസ് ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റന്റെ കൊച്ചി മേധാവി പറഞ്ഞു.