രോഗി ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവം: മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
Monday, July 15, 2024 2:39 PM IST
തിരുവനന്തപുരം: മെഡിക്കല്‍ കോളജിൽ രോഗി രണ്ടുദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
വിഷയത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശി രവീന്ദ്രൻ നായർ (60) ആണ് ആശുപത്രിയിലെ ഒപി ബ്ലോക്കിൽ കേടായി കിടന്ന ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയോടു കൂടിയാണ് സംഭവം. തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരനാണ് രവീന്ദ്രൻ നായർ. ശാരീരിക അവശതകളെ തുടർന്ന് ഓർത്തോ വിഭാഗത്തിൽ ഇദ്ദേഹം ചികിത്സയ്ക്ക് എത്തിയിരുന്നു.
ഡോക്ടറെ കണ്ടശേഷം ലാബ് റിസൾട്ട് വാങ്ങുന്നതിന് വേണ്ടി ശനിയാഴ്ച ലാബിൽ എത്തിയിരുന്നു. എന്നാൽ ചില രേഖകൾ എടുക്കാൻ മറന്നതിനെ തുടർന്ന് വീട്ടിലേക്ക് പോയ ശേഷം തിരികെ ആശുപത്രിയിൽ എത്തി. തുടർന്ന് മൂന്നാം നിലയിലെ ഡോക്ടറെ കാണുന്നതിനുവേണ്ടി പോകാൻ ലിഫ്റ്റിൽ കയറുകയായിരുന്നു.
കേടായി കിടന്ന ലിഫ്റ്റിൽ സേഫ്റ്റി റിബൺ കെട്ടിയിരുന്നുവെങ്കിലും അത് എങ്ങനെയോ നഷ്ടമായിരുന്നു. അതുകൊണ്ടാണ് ലിഫ്റ്റ് അറ്റകുറ്റപ്പണിയിൽ ആണെന്നുള്ള വിവരം അറിയാതെ രവീന്ദ്രൻ നായർ ഇതിനുള്ളിൽ കയറിയത്. ലിഫ്റ്റിൽ കയറി ഡോർ ക്ലോസ് ചെയ്യുന്നതിന് ബട്ടൺ അമർത്തിയതോടുകൂടി ഇദ്ദേഹം ലിഫ്റ്റിനുള്ളിൽ അകപ്പെടുകയും ലിഫ്റ്റ് അൽപ്പദൂരം മുകളിലേക്ക് ഉയർന്നു നിൽക്കുകയും ചെയ്തു. അതേസമയം ശനിയാഴ്ച രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയ വിവരമോ പകുതി വഴിയിൽ കുടുങ്ങിയ വിവരമോ ആരും അറിഞ്ഞിരുന്നില്ല.
ഞായറാഴ്ച ആയിരുന്നതിനാൽ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി ഉണ്ടായില്ല. അതുകൊണ്ടുതന്നെ രവീന്ദ്രൻ നായർ ആ ദിവസം മുഴുവൻ ലിഫ്റ്റിനുള്ളിൽ കഴിച്ചുകൂട്ടി. ഇന്ന് രാവിലെ 7.30 ഓടുകൂടി ഒരു ജീവനക്കാരൻ വന്ന് ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് പകുതി വഴിയിൽ നിൽക്കുന്നതായി അറിഞ്ഞത്. തുടർന്ന് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ജീവനക്കാരെത്തി ലിഫ്റ്റിന്റെ ഡോർ പൊളിച്ചപ്പോഴാണ് ഇതിനുള്ളിൽ മനുഷ്യൻ കുടുങ്ങിക്കിടക്കുന്നതായി അറിയുന്നത്.
ലിഫ്റ്റിനുള്ളിൽ വായുസഞ്ചാരം കുറവായിരുന്നതുകൊണ്ടും ഭയപ്പെട്ടതുകൊണ്ടും രവീന്ദ്രൻ നായർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതല്ലാതെ മറ്റു വിഷമങ്ങൾ ഒന്നും സംഭവിച്ചില്ല. ഒന്നര ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്ന രവീന്ദ്രൻ നായർ രക്ഷപ്പെട്ടതിലുള്ള അദ്ഭുതത്തിൽ ആയിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നവർ.
ചെറിയ രീതിയിൽ ശാരീരിക അവശതകൾ അനുഭവപ്പെട്ട ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അതേസമയം സംഭവം വിവാദമായതിനെത്തുടർന്ന് കേടായ ലിഫ്റ്റ് എത്രയും പെട്ടെന്ന് നന്നാക്കുന്നതിനും അതുപോലെതന്നെ ലിഫ്റ്റ് അറ്റകുറ്റപ്പണിയിൽ ആണെന്ന് ബോർഡ് വയ്ക്കുന്നതിനും ആശുപത്രി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.