കെ.പി.ശര്‍മ ഓലി നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി; ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി
Monday, July 15, 2024 12:06 PM IST
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് നേതാവ് കെ.പി. ശര്‍മ ഓലി(72) അധികാരമേറ്റു. രാവിലെ 11ന് ശീതള്‍ നിവാസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ രാഷ്ട്രപതി രാമചന്ദ്ര പൗഡല്‍ ഓലിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉപരാഷ്ട്രപതി രാം സഹായ പ്രസാദ് യാദവ്, മുന്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷനുമായ ഷേര്‍ ബഹദൂര്‍ ദ്യൂബ, മുന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ, പ്രതിനിധി സഭാ സ്പീക്കര്‍ ദേവരാജ് ഗിമിയര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഇത് നാലാം തവണയാണ് ഓലി അധികാരത്തിലെത്തുന്നത്.
നേരത്തെ, പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ ജനപ്രതിനിധിസഭയില്‍ അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ടിരുന്നു. 275 അംഗ ജനപ്രതിനിധി സഭയില്‍ 63 വോട്ടുകള്‍ മാത്രമാണ് പ്രചണ്ഡക്ക് ലഭിച്ചത്. വിശ്വാസവോട്ട് നേടണമെങ്കില്‍ കുറഞ്ഞത് 138 വോട്ടുകള്‍ വേണം. ഇതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് നേതാവായ ഓലിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു.
നേപ്പാളിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഓലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പരസ്പര പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി സഹകരണം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം എക്സില്‍ കുറിച്ചു.