കനത്ത മഴ തുടരുന്നു; മുന്നറിയിപ്പ്, ഏഴു ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
Monday, July 15, 2024 10:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുന്നു. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഏഴു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ജില്ലകളിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം, കാസർഗോട്ട് കോളജുകൾക്ക് അവധിയില്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. മാഹിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും ഒഡീഷക്കും മുകളിലായി ചക്രവാതച്ചുഴിയും ഉണ്ട്. കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.