ലിഫ്റ്റ് കേടായി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി കുടുങ്ങിക്കിടന്നത് രണ്ട് ദിവസം
Monday, July 15, 2024 10:25 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിക്കിടന്നത് രണ്ടുദിവസം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്.
തിങ്കളാഴ്ച രാവിലെ ആറോടെ ഓപ്പറേറ്റർ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് അവശനിലയിൽ കിടക്കുകയായിരുന്ന രവീന്ദ്രൻ നായരെ കണ്ടെത്തിയത്.
മെഡിക്കൽ കോളജിലെ ഓർത്തോ ഒപിയിലെത്തിയ രവീന്ദ്രൻ നായർ ഒന്നാം നിലയിലേക്ക് പോകാൻ വേണ്ടി ലിഫ്റ്റിൽ കയറിയ സമയത്താണ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും ലിഫ്റ്റ് പ്രവർത്തനരഹിതമായത്.
ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല. തുടർന്ന് ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുക്കുകയും ചെയ്തില്ലെന്ന് രവീന്ദ്രൻ നായർ പറഞ്ഞു.
ലിഫ്റ്റ് നിന്ന് പോയപ്പോൾ ഫോൺ നിലത്ത് വീണ് പൊട്ടിയതിനാൽ ആരെയും വിളിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതോടെ 42 മണിക്കൂർ ലിഫ്റ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. അവശനിലയിലായ രവീന്ദ്രൻ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. ലിഫ്റ്റിന് തകരാർ ഉണ്ടായിരുന്നുവെന്നാണു ഓപ്പറേറ്റർ പറയുന്നത്.
ഇതിനിടെ രവീന്ദ്രൻ നായരെ കാണാതായതോടെ കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അനാസ്ഥ ചൂണ്ടിക്കാട്ടി നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം.