മാര്‍ട്ടിനസ് മാജിക്കില്‍ അര്‍ജന്റീന; കോപ്പയില്‍ 16-ാം കിരീടം
Monday, July 15, 2024 9:53 AM IST
മയാമി: കോപ്പ അമേരിക്ക വിജയികളായി അര്‍ജന്റീന. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ നിര്‍ണായകമായത് 112-ാം മിനിറ്റില്‍ പിറന്ന ഗോള്‍. അര്‍ജന്റീനൻ താരം ലൗട്ടാരോ മാര്‍ട്ടിനസ് ആണ് ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ അഞ്ചാം ഗോളാണിത്. ഗോള്‍ നേട്ടം മെസിയെ കെട്ടിപ്പിടിച്ചാണ് മാര്‍ട്ടിനസ് ആഘോഷിച്ചത്.
കോപ്പയിൽ അര്‍ജന്റീനയുടെ 16-ാം കിരീടമാണിത്. 15 കിരീടം സ്വന്തമാക്കിയ ഉറുഗ്വേയുടെ റിക്കാർഡ് ഇതോടെ പഴങ്കഥയായി. കഴിഞ്ഞതവണയും കോപ്പ അമേരിക്ക കിരീടം നേടിയത് അര്‍ജന്റീനയായിരുന്നു.
നേരത്തെ, കളിയുടെ നിശ്ചിത സമയം സമനിലയില്‍ അവസാനിച്ചിരുന്നു. അതിനിടെ 66-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസി പരിക്കേറ്റ് പുറത്തായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന മത്സരത്തിനായി ഇറങ്ങുന്ന ഏഞ്ചല്‍ ഡി മരിയയ്ക്കായി കപ്പ് നേടാനാണ് അര്‍ജന്റീന ഇറങ്ങിയത്.
ഫ്ലോറിഡയിലെ മിയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഒന്നര മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയ്ക്കെതിരേ മികച്ച പ്രകടനമാണ് കൊളംമ്പിയ കാഴ്ചവെച്ചത്.