സഞ്ജുവിന് അര്‍ധ സെഞ്ചുറി; സിംബാബ്വെക്ക് 168 റൺസ് വിജയലക്ഷ്യം
Sunday, July 14, 2024 6:20 PM IST
ഹരാരെ: സിംബാബ്വെക്കെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. സഞ്ജു സാംസണിന്റെ (45 പന്തില്‍ 58) അര്‍ധ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 167 റൺസ്നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 40 റണ്‍സിന് മൂന്ന് മുന്‍നിര താരങ്ങളെ നഷ്ടമായി. യശസ്വി ജയ്സ്വാള്‍ (12), അഭിഷേക് ശര്‍മ (14), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് മടങ്ങിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച റിയാന്‍ പരാഗ് - സഞ്ജു സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു.
15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. 18-ാം ഓവറിലാണ് സഞ്ജു പുറത്താവുന്നത്. നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ടി20 കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടുന്നത്.
റുതുരാജ് ഗെയ്കവാദ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാൽ മുകേഷ് കുമാര്‍, റിയാന്‍ പരാഗ് എന്നിവര്‍ക്ക് ഇന്ത്യ അവസരം നൽകി.