ചെനാബ് നദിയിൽ ചാടി മരിച്ച യുവാവിന്റെ മൃതദേഹം പാക്കിസ്ഥാനിൽ നിന്നും കണ്ടെടുത്തു
Sunday, July 14, 2024 1:55 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ചെനാബ് നദിയിൽ ചാടി മരിച്ച യുവാവിന്റെ മൃതദേഹം പാക്കിസ്ഥാനിൽ നിന്നും കണ്ടെടുത്തു.
അഖ്നൂർ സെക്ടറിലെ അതിർത്തി ഗ്രാമത്തിൽ താമസിക്കുന്ന ഹരഷ് നഗോത്രയെ ജൂൺ 11 നാണ് കാണാതായത്. അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിൾ നദിക്കരയിൽ നിന്ന് കണ്ടെടുത്തിരുന്നു.
ഓൺലൈൻ ഗെയിം കളിച്ച് 80,000 രൂപ നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇയാൾ നദിയിൽ ചാടിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. ഒരു സ്വകാര്യ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹരഷ്.
ഹരഷിന്റെ മൃതദേഹം കണ്ടെത്തിയതായി അറിയിച്ച് മാതാപിതാക്കളുടെ വാട്സ്ആപ്പിലേയ്ക്കാണ് ഒരാൾ പാക്കിസ്ഥാനിൽ നിന്നും സന്ദേശം അയച്ചത്. ജൂൺ 13 ന് പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം സംസ്കരിച്ചതായി ഇയാൾ ഹരഷിന്റെ പിതാവിനെ അറിയിച്ചിരുന്നു. മൃതദേഹം ഹരഷിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കാൻ ഇയാൾ മാതാപിതാക്കൾക്ക് തിരിച്ചറിയൽ കാർഡിന്റെ ചിത്രവും അയച്ചു നൽകി.
മകന്റെ മൃതദേഹ അവശിഷ്ടങ്ങൾ അന്ത്യകർമങ്ങൾക്കായി തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നുവെന്നും ഞങ്ങളുടെ മത വിശ്വാസമനുസരിച്ച് അന്ത്യകർമങ്ങൾ നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹരഷിന്റ പിതാവ് പറഞ്ഞു.
വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തയച്ചിട്ടുണ്ടെന്ന് നഗോത്രയുടെ ബന്ധു അമൃത് ഭൂഷൺ പറഞ്ഞു.